നാലുകെട്ടിൻ നടുമുറ്റത്ത് നിൽപ്പൂ, കാലങ്ങൾ സാക്ഷിയാം കർമ്മയോഗി.
വടക്കിൻഗാഥകൾ ഏറെ പറഞ്ഞവൻ, വള്ളുവനാടിൻ വീരസ്യവും.
ഭാഷ തൻ താതനെ താങ്ങും പറമ്പിനെ
ഭാഷാപ്രവർത്തന കേന്ദ്രമാക്കി അവൻ.
മഞ്ഞിൻ മൂടുപടത്തിങ്കൽ വിമലതൻ മൗനവും മനവും മറയ്ക്കുവാൻ ബോധത്തിൻ ധാരയിൽ മുങ്ങിയതെത്രനാൾ..?
തന്നോട് മാത്രമുറയുന്നോരൻപുമായ്
സേതുബന്ധനം ചെയ്യും നായകൻ നിറഞ്ഞാടും കാലത്തിൽ വസിച്ചിടാം...
ഒന്നിനു പുറകിലായി രണ്ടാമനായ് നിൽക്കുന്ന ഭീമമാം കായത്തിനെ
ഒന്നിനും മുന്നിലേക്കായി തള്ളുന്ന മാന്ത്രികത്തെ കണ്ടു നാം മയങ്ങീടാം.
ചതിയൻ എന്ന് ചേലിൽ മാലോകർ ചിന്തേരിട്ട പ്രതിനായകനെ പിടിച്ചലിവോടൻപോടെന്തു ചന്തത്തിൽ വീരനാക്കും വിരുതിനെ നമിക്കുന്നു.
കഥകൾ, തിരക്കഥ, ഗാനങ്ങൾ പോലും തനിക്കന്യമല്ലെന്ന് തീർക്കും ധിഷണയെ കൈ കൂപ്പുന്നു...
എങ്ങും പൂജിതനായി, പുരസ്കൃതനായ് തിളങ്ങീടും മാത്ര തന്നിൽ, പോയ് മറഞ്ഞു പോയ് അങ്ങ്.
അക്ഷരനാലുകെട്ട് പൊളിച്ചടുക്കും കാലത്തിങ്കൽ, അതിനുമ്മറത്തെങ്ങോ ചാരുകസേരയിട്ട്, അങ്ങിരിപ്പുണ്ടാമെന്നോർത്ത്, കിടുങ്ങി നിന്നേനേയീ പൊളിപ്പൻ പുതുക്കൂട്ടം.
ഇനി അവർ മടിക്കില്ല പൊളിക്കാൻ തുടങ്ങീടും,
തടുക്കാൻ വായോ വേഗം അക്ഷരക്കിടാങ്ങളെ.....
- വടയക്കണ്ടി നാരായണൻ
This poem has not been translated into any other language yet.
I would like to translate this poem