ഗസ്സയെ ഞാനെഴുതുമ്പോൾ
എന്റെ തൂലികയിൽ നിന്നൊഴുകുന്നത്
ചെന്നിണമാണ്,
ഗസ്സയിലെ മൃതശിശുക്കളുടെ
മിഴിനീരാഴിയിൽ
ഞാൻ മുഴുകിയൊഴുകുന്നു.
കൊഴിഞ്ഞുപോകും സ്മിതമോടെ
എണ്ണമറ്റ ശവശരീരങ്ങൾ
ധിക്രിലെ സൂഫിസ്തോത്രഗീതങ്ങളുടെ
അലസശീലുകൾക്കൊപ്പം നൃത്തം ചെയ്യുന്നു.
എനിക്കും ഒന്നു പുഞ്ചിരിക്കണമെന്നുണ്ട്
എന്നാൽ, കോടിപ്പോയ എന്നധരങ്ങൾ
നടുങ്ങിവിറച്ചുകൊണ്ടൊരു
തേങ്ങലടക്കി വിതുമ്പുന്നു.
ആരോ തന്റെ മുളങ്കുഴലിൽ ഒരു
ആയിൻ വായിക്കുകയായി.
൧) ധിക്ര്- വാക്കിന്റെ അർത്ഥം ഓർമ്മിച്ചെടുക്കൽ എന്നാണ്. സൂഫി പ്രാർത്ഥനയുടെ ഒരു രൂപമാണത്. ഈശ്വരസ്മരണക്കുവേണ്ടി ഒരേ പ്രാർത്ഥനാഗീതങ്ങളോ വാക്സംഘാതങ്ങളോ പലവുരു ആവർത്തിച്ചാലപിക്കുന്ന രീതിയാണിത്.
൨) ആയിൻ- ഒരുതരം സൂഫി സംഗീതം. ഉപകരണസംഗീതമോ, ആലാപനമോ, രണ്ടും ചേർന്നതോ ആകാം. സൂഫികളുടെ സെമാ ചടങ്ങുകളുടെ അവിഭാജ്യഘടകം.
൩) മുളങ്കുഴൽ- പുരാതന തുർക്കിയിലെ ജനസമൂഹങ്ങൾ ഉപയോഗിച്ചിരുന്ന മുളയിലുണ്ടാക്കിയ നേയ് എന്ന സുഷിരവാദ്യത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്