ദിനം രാവിന്നിരുളിലലിഞ്ഞുപോയ്.
കാകരാവിൽ പതിച്ചൂ കപോതം.
ഒരു ജലപാതത്തിന്നരികിൽ പൂണ്ടു ഞാൻ നിദ്ര,
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
പൈൻതരുതൻ ഗന്ധമൊഴുകീ വായുവിൽ.
പുണ്യതമമിന്ദുകിരണം സ്പർശിച്ചു ഞാൻ
നിദ്രിതരങ്ങെൻ സോദരിമാരെയും ദർശിച്ചു
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
മൂടൽമഞ്ഞിൻ നേർത്ത നൂലുകളായ്പ്പുഴ,
കാട്ടിലും കാണാമറയത്തുമാകെപ്പടർന്നു.
ഞാനാകട്ടെ, ഓരോ തിരിവും വളവും പിൻതുടർന്നു
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
നിന്നൂ ഞാൻ ദിനകരനുദിച്ചൊരു തീനാള-
മാകുന്നതു നോക്കി. തെറ്റുകളെല്ലാം ശരിയായി മാറി.
വന്നൂ ഒരു കുഞ്ഞിളം കാറ്റ്, ഒരു തേനുമ്മ,
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
ഞാനെൻ കൂടുകൂട്ടി, ശുദ്ധശൂന്യതയിൽ,
ഭാവനാവിഹായസ്സിൻ മാന്ത്രിക കല്പനാവേഗങ്ങളിൽ
മധുരമൃദുലതയോടെ ഞാനുരുകിപ്പോകയും ചെയ്തു
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
നിശ്ശബ്ദമൃതർ തൻ പരമ്പര, യീ രാവിൻ നഭസ്സിൽ
താരങ്ങൾ തൻ എരിയും കനൽക്കട്ടകൾ
കൈകൾ വിരുത്തിക്കൊണ്ടൊരു കുഞ്ഞുപെൺകുട്ടി
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
ജീവശ്വാസം തുളുമ്പിയൊഴുകി നിറഞ്ഞുവെന്നിൽ
പൊടുന്നനെയിരുൾ നീങ്ങിത്തെളിഞ്ഞൂ നിറദ്യുതി.
മരങ്ങളോരോന്നിൽ നിന്നുമുറ്റുനോക്കുന്നൂ രക്ഷകർ
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
കൊടുങ്കാറ്റിനു മുമ്പിലെ ശാന്തത ഞാൻ രുചിക്കുന്നു
എനിക്കില്ല ഭയമേതു, മേതുയരത്തെയും. ഉണ്ടെനിക്ക്
നല്ല വീടും സുഭിക്ഷം ഭക്ഷണവും ചുടുവസ്ത്രവും
അസിതദ്വിജം സിതം തൻ തൂവലണിക്കിനാക്കളിൽ..
വാഗ്പരിചയം:
സിതം= വെളുത്തത്
അസിതം= കറുത്തത്
ദ്വിജം= പക്ഷി. ദ്വിജം എന്നാൽ രണ്ടു ജന്മങ്ങളുള്ളത് എന്നാണ് അർത്ഥം. മുട്ടയായും മുട്ട വിരിഞ്ഞ് പക്ഷിക്കുഞ്ഞായും രണ്ടു ജന്മങ്ങളുള്ളതുകൊണ്ട് പക്ഷിക്ക് ദ്വിജം എന്ന് പേര്. ഇവിടെ 'Black bird white' എന്നത് ഒരേ പക്ഷിയുടെ രണ്ടുജന്മങ്ങളെ (two phases) വിവക്ഷിക്കുന്നതായി വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് ‘bird' എന്ന വാക്കിന് മലയാളത്തിൽ 'ദ്വിജം' എന്ന് പ്രയോഗിച്ചത്.
A poem of extraordinary depth. It was really hard to translate it into my mother tongue. I record my gratitude to Poet Linda Marie Tassel for allowing me to publish the translation on ph