സ്വർണ്ണത്തിൽ നിന്ന്
അതിന്റെ മഞ്ഞയെ
എടുത്തു തരും.
ജലത്തിൽനിന്നു നനവിനെ,
വിത്തിൽനിന്നു വിരിയലിനെ.
അലസതയിൽനിന്നു
ഇഴയുന്ന സമയത്തെ
വേറെയാക്കും.
ഉയരത്തിൽനിന്നു
വീഴ്ചയുടെ സാദ്ധ്യതയെ
ഇറക്കി വച്ചുതരും.
തീയെ അരിപ്പയിലിട്ട്
ചൂട്,വെളിച്ചം എന്നു
വെവ്വേറെയാക്കും.
വെളിച്ചം കടഞ്ഞ്
വെണ്മയുടെ പാട നീക്കും.
അങ്ങിനെയൊക്കെ ചെയ്യണമെങ്കിൽ
അതിനു മുൻപ്
തിരിച്ചു മാന്ത്രികവടിയാവാൻ
വിസമ്മതിക്കുന്ന ഈ പാമ്പിനെ
പൂർവ്വ രൂപത്തിലാക്കിത്തരണേ
ആരെങ്കിലും.
പുഴുവോ
പരുന്തോ
ആകാൻ തുടങ്ങുന്ന എന്നെ
അതിൽനിന്നു പിടിച്ചുവയ്ക്കണേ ആരെങ്കിലും.
...
Read full text